22-ാം വർഷം ആഘോഷിച്ച് ആശീർവാദ് സിനിമാസ്; ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ

ആശീർവാദ് സിനിമാസിന്റെ 22-ാം വർഷം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ബറോസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.

കേക്ക് മുറിച്ചു കൊണ്ടായിരുന്നു അദ്ദേഹം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ‘നരസിംഹം’ മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി മോഹൻലാൽ വ്യക്തമാക്കി.

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരും ആഘോഷ ചടങ്ങിൽ പങ്കെടുത്തു. 2000 ത്തിൽ നരസിംഹം എന്ന ചിത്രമാണ് ആശിർവാദ് സിനിമാസ് ആദ്യമായി നിർമ്മിക്കുന്നത് .29 ചിത്രങ്ങളാണ് ഇതുവരെ ആശീർവാദിന്റെ ബാനറിൽ നിർമ്മിച്ചിട്ടുള്ളത്. ബ്രോ ഡാഡി ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. എലോൺ, 12ത് മാൻ, മോൺസ്റ്റർ, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീർവാദ് പുറത്തിറക്കാനിരിക്കുന്ന അടുത്ത ചിത്രങ്ങൾ.