തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കു നേരെ സി പി എം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നതെന്നും വ്യക്തിസ്വാതന്ത്യത്തിൽ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയാണിതെന്നും അദ്ദേഹം വിമർശിച്ചു. കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേയെന്നും ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോയെന്നും അദ്ദേഹം ചോദിക്കുന്നു.
കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇത് സൈബർ ഗുണ്ടായിസം.
കെ.റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ
സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കു നേരെ സി പി എം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണ്. വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തിൽ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.
സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി.
കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോ?
കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണം.

