ഗൂഢാലോചന കേസ്: ഫോണ്‍ കൈമാറുന്നതില്‍ ആശങ്കയെന്തിന്? ചോദ്യമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപ് മൊബൈല്‍ ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും അന്വേഷണ സംഘത്തിന് ഫോണ്‍ ഇന്ന് തന്നെ കൈമാറണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് നിര്‍ദ്ദേശിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി കോടതി നല്‍കി.

അതേസമയം, ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു.

എന്നാല്‍, ഫോണ്‍ കൈമാറാന്‍ തയ്യാറാകാത്ത ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദിലീപ് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി തന്നെ നിര്‍ദ്ദേശിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപ് എന്തുകൊണ്ട് ഫോണ്‍ കൈമാറുന്നില്ല? ഒരു കാര്യം അന്വേഷിക്കരുതെന്ന് പറയാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ദിലീപ് എന്തിന് സ്വയം പരിശോധന നടത്തണമെന്നും ദിലീപിന് കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചോദിച്ചു. അതേസമയം ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ട്. അത് വിശ്വാസ്യതയോടെ കൈമാറണമെങ്കില്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കേണ്ടതുണ്ട്. അതിനാലാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഫോണുകള്‍ അതിനുശേഷം കോടതിയില്‍ ഹാജരാക്കാമെന്നാണ് ദിലീപിന്റെ നിലപാട്.