കോവിഡ് പ്രതിസന്ധി മറികടക്കാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി മറികടക്കാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ മറികടക്കാനായി ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷൻ തുടങ്ങാനുള്ള പദ്ധതി പരിഗണനയിലുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ഡെസ്റ്റിനേഷൻ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ശേഷം പദ്ധതി നടപ്പിലാക്കും. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചുജീവിക്കുന്നവർക്ക് പ്രത്യേക പദ്ധതിയുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി ഇനി ആഭ്യന്തര ടൂറിസത്തിലായിരിക്കും. ലോകത്താകെ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം മേഖലയെ ആണെങ്കിലും നഷ്ടം തിരികെ കൊണ്ടുവരാനും മേഖലയെ ശക്തിപ്പെടുത്താനും കഴിയുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനം കുറയുന്നതോടെ മികച്ച പുതിയ പദ്ധതികൾക്ക് തുടക്കമിടും. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മേഖലയാണ് ടൂറിസം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.