സ്റ്റുഡന്റ് പോലീസിൽ മതപരമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനം; സർക്കാരിനെതിരെ മുസ്ലീംലീഗ്

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങൾക്കുള്ള യൂണീഫോമിൽ ഹിജാബുൾപ്പടെയുള്ള മത വേഷങ്ങൾ അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടിനെതിരെ എതിർപ്പുമായി മുസ്ലീം ലീഗ് രംഗത്ത്. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലീംലീഗിന്റെ നിലപാട്. വിഷയത്തിൽ വനിതാ ലീഗ് പ്രസിഡന്റ് സുഹ്റ മമ്പാട് പരസ്യ പ്രതികരണവുമായി രംഗത്തെത്തി. സർക്കാരിന്റെ നിലപാട് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് സുഹ്‌റ അറിയിച്ചു.

ഗ്രേസ് മാർക്കും മറ്റും ലഭിക്കുന്ന സ്റ്റുഡന്റ് പോലീസിൽ മതപരമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹ്‌റ ആരോപിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിൽ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഹർജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് കോടതിയോട് പറഞ്ഞു.

കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ എന്തിനേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വ്യക്തമാക്കി. ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. കേരളാ പോലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റും പിന്തുടരുന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.