ന്യൂഡല്‍ഹി: വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി. കര്‍ഷകരോഷം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്നും, ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ രാജ്യത്തെ ജനങ്ങള്‍ വെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയന്ത് ചൗധരി കൂട്ടിച്ചേര്‍ത്തു.
ജാട്ടുകളും മുസ്ലീങ്ങളും മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കുണ്ട്. അതിനാല്‍, സമാജ്‌വാദി-ആര്‍എല്‍ഡി സഖ്യം വന്‍ വിജയം നേടുമെന്നും സ്ഥാനാര്‍ത്ഥി പട്ടികക്കെതിരായ പ്രതിഷേധം താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത് കര്‍ഷകരെ ഇങ്ങനെയാണോ പരിഗണിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതുമെന്നും ലഖിംപൂര്‍ വിഷയത്തില്‍ അദ്ദേഹം ചോദിച്ചു. പറ്റ്‌നയിലും അഹമ്മദാബാദിലുമുണ്ടായ പ്രക്ഷോഭങ്ങള്‍ ഈ രാജ്യം കാണുന്നുണ്ട്. യോഗിയുടെ ഭരണത്തില്‍ യുപിയിലെ ജനങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. ജനങ്ങളില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ബിജെപിയുമായി ഒരു സഖ്യത്തിനും ആര്‍എല്‍ഡി ഇല്ലെന്ന് ജയന്ത് യാദവ് ആവര്‍ത്തിച്ചു. അതേസമയം, ആര്‍എല്‍ഡി സഖ്യത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജാട്ട് – മുസ്ലീം ഐക്യം രൂപപ്പെടുത്താനാവും എന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവ്.

