ചണ്ഡിഗഡ്: പഞ്ചാബിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയിൽ നിന്നും അഞ്ച് കോൺഗ്രസ് എംപിമാർ വിട്ടു നിന്നു. ജസിർ സിംഗ് ഗിൽ, രവ്നീത് സിംഗ് ബിട്ടു, മനീഷ് തിവാരി, പ്രണീത് കൗർ, മുഹമ്മദ് സാദിഖ് തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്നത്. പൊതുപരിപാടിയ്ക്ക് തങ്ങൾക്ക് ക്ഷണം ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം.
കോൺഗ്രസിന്റെ അസാന്നിധ്യം പഞ്ചാബ് കോൺഗ്രസിലെ ഭിന്നതയാണ് വെളിവാക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. പരിപാടി ബഹിഷ്‌കരിച്ച എംപിമാർക്ക് രാഹുലിന്റെ നേതൃത്വത്തിൽ അതൃപ്തിയുണ്ടെന്ന പ്രചാരണത്തെയും കോൺഗ്രസ് തള്ളി. എംപിമാർ പരിപാടി മനപൂർവ്വം ബഹിഷ്‌കരിച്ചു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ രാഹുൽ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി, പഞ്ചാബ് കോൺഗ്രസ് നേതാക്കൾക്കും സ്ഥാനാർഥികൾക്കുമൊപ്പമാണ് രാഹുൽ സുവർണ്ണ ക്ഷേത്രം സന്ദർശിക്കാനെത്തിയത്. ശ്രീഹർമന്ദിർ സാഹിബിലും രാഹുൽ സന്ദർശനം നടത്തി. നവി സോച്ച് നവ പഞ്ചാബ് എന്ന പേരിൽ കോൺഗ്രസ് ജലന്ധറിൽ സംഘടിപ്പിക്കുന്ന വിർച്വൽ റാലിയിലും രാഹുൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹം ജാലിയൻ വാലാബാഗും സന്ദർശിച്ചു.

