ചെന്നൈ: തമിഴ്നാട്ടിലെ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്‌കൂളിൽ മതപരിവർത്തനത്തെ എതിർത്ത ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കാൻ ദേശീയ കമ്മീഷൻ രൂപീകരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. നാലംഗ കമ്മീഷനാണ് നദ്ദ രൂപം നൽകിയത്. ബിജെപി എംപി സന്ധ്യ റേ, പാർട്ടി നേതാക്കളായ വിജയശാന്തി, ചിത്ര വാഗ്, ഗീതാ വിവേകാനന്ദ തുടങ്ങിയവരാണ് കമ്മീഷനിലെ അംഗങ്ങൾ. പ്രശ്‌നം പഠിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജെപി നദ്ദ അംഗങ്ങൾക്ക് നിർദ്ദേശം നൽകി.
തഞ്ചാവൂരിലെ മൈക്കേൽപ്പട്ടിയിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയായ ലാവണ്യയാണ് പള്ളിസ്‌കൂൾ അധികൃതർ മതംമാറാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന പെൺകുട്ടി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പത്ത് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന ശേഷമാണ് ലാവണ്യ മരിച്ചത്. തന്നെ മതപരിവർത്തനം നടത്താൻ സ്‌കൂൾ അധികൃതർ നിർബന്ധിച്ചതായി ആശുപത്രിക്കിടക്കയിൽ വെച്ച് ലാവണ്യ പറയുന്നതായുള്ള ഒരു വീഡിയോ പുറത്തു വന്നിരുന്നു. മുത്തവേൽ എന്നയാളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. മുത്തുവേൽ വിശ്വഹിന്ദു പരിഷത്തിന്റെ അരിയലൂർ ജീല്ല സെക്രട്ടറിയാണെന്നാണ് റിപ്പോർട്ട്.
അതേസമയം ലാവണ്യയുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റൽ വാർഡൻ സഗായ മേരി ഏൽപ്പിച്ച അധിക ജോലികളുടെ സമ്മർദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടി പറയുന്നതാണ് പുതിയ വീഡിയോയിലുള്ളത്. ഇതിൽ മതപരിവർത്തനത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് ബിജെപി വിരുദ്ധ ലോബികളുടെ പ്രചാരണം. കേസുമായി ബന്ധപ്പെട്ട് സഗായ മേരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമെല്ലാം ഹോസ്റ്റൽ വാർഡന്റെ മേൽ കെട്ടിവെച്ച് മതപരിവർത്തനം എന്ന പ്രശ്‌നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമമെന്ന ആരോപണം ശക്തമാണ്.

