മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ; പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര ജല കമ്മീഷൻ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് കേന്ദ്ര ജലകമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ സുരക്ഷാ പരിശോധനയ്ക്കുള്ള സമയമായെന്നും കേന്ദ്ര ജല കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.മേൽനോട്ട സമിതി അണകെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.

പുതിയ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത് കേന്ദ്ര ജല കമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതമാണ്. മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ പുതിയ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്. ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത് 2010 – 2012 കാലഘട്ടത്തിലാണ്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളും, വിദഗ്ദ്ധരും ചേർന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയിൽ അണകെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകൾ ഒന്നും നടന്നിട്ടില്ലെന്ന് കമ്മീഷൻ പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കുമ്പോൾ നടത്തിയ പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. ഈ പരിശോധനകളിൽ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷൻ കോടതിയെ അറിയിച്ചു.