ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിനും കോവിഷീല്‍ഡിനും ഉപാധികളോടെയുള്ള വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. മരുന്ന് ഷോപ്പുകളില്‍ വാക്‌സിന്‍ ലഭ്യമാകില്ല. പകരം ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ വാങ്ങാം. വാക്‌സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്പോള്‍ ഡിസിജിഐയെ അറിയിക്കണം. കോവിന്‍ ആപ്പിലും വിവരങ്ങള്‍ നല്‍കണം. വാക്‌സിനുകളുടെ വിപണി വില 425 രൂപ ആക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കേന്ദ്രം പുനപരിശോധിക്കും. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് തുടരും. എന്നാല്‍, ബാക്കിയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം നല്‍കില്ലെന്നാണ് സൂചന. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച നയം ലോകാരോഗ്യ സംഘടന പുറത്തിറക്കുന്നതു വരെ കാത്തിരിക്കാനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ തീരുമാനം.
മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ രോഗം ബാധിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ രോഗത്തിന്റെ തീവ്രത കുറക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ തന്നെ സഹായകമായിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

