ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിംഗ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഔട്ടർ റിംഗ് റോഡിനെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും ഉദ്യോഗസ്ഥർക്കും, ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് കേന്ദ്ര അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാനമാണ് വഹിക്കുക. സ്റ്റേറ്റ് ജി എസ് ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവും നൽകുന്നതാണ്.