വ്യാജ വെബ്‌സൈറ്റുകളെ തിരിച്ചറിയാം

ഇന്റര്‍നെറ്റ് ലോകത്ത് പേയ്മെന്റുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതിനൊപ്പം, ഫിഷിംഗ്, മാല്‍വെയര്‍, റാന്‍സംവെയര്‍, സ്‌പൈവെയര്‍ തുടങ്ങിയ സൈബര്‍ തട്ടിപ്പുകളും വര്‍ദ്ധിച്ചു വരികയാണ്. ധാരാളം ആന്റിവൈറസ് സോഫ്റ്റ്വെയറുകളും മറ്റും ഉള്ളതിനാല്‍ മാല്‍വെയറുകളില്‍ നിന്നും വൈറസുകളില്‍ നിന്നും നമുക്ക്് കൂടുതല്‍ സുരക്ഷിതരാവാന്‍ സാധിക്കും. എന്നാല്‍, ചില തട്ടിപ്പ് വെബ്‌സൈറ്റുകളെ നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ നിങ്ങളെ ഏതെങ്കിലും വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയാണെങ്കില്‍, ഡൊമെയ്നിന്റെ പേര് പരിശോധിച്ച് ഉറപ്പാക്കുക.

പുതിയ സൈറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുമ്പോള്‍ സുരക്ഷിതമായ പേയ്മെന്റ് ഗേറ്റ്വേ തിരഞ്ഞെടുക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും നിര്‍ണായക വിവരങ്ങള്‍ നല്‍കുമ്പോള്‍, കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. പേപാല്‍, പേടിഎം, റേസര്‍പേ പോലുള്ള വിശ്വസനീയ ഗേറ്റ്വേകള്‍ ഉപയോഗിക്കുക.

വെബില്‍ സര്‍ഫ് ചെയ്യുമ്പോഴെല്ലാം, പേജിന്റെ മുകളിലുള്ള ‘https://’ എന്ന ഭാഗം ഉണ്ടെന്ന് ഉറപ്പാക്കുക.

UpGuard, SiteGuarding, Quttera എന്നിവ പോലുള്ള ഈ ടൂളുകള്‍ വ്യാജ വെബ്സൈറ്റ് കണ്ടെത്തുന്നതിന് സഹായിക്കും. മാല്‍വെയര്‍ അപകടസാധ്യത സൈറ്റുകള്‍ സ്‌കാന്‍ ചെയ്യുന്നത് വഴി കണ്ടെത്താനാകും.

വെബ്സൈറ്റിന്റെ വിലാസം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു പാഡ്ലോക്ക് ഐക്കണ്‍ നിങ്ങള്‍ക്ക് കാണാം. TLS/SSL സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ഈ ഐക്കണ്‍ നല്‍കുന്ന സൂചന.
ഇത് ഉറപ്പാക്കാന്‍ ലോക്കില്‍ ക്ലിക്ക് ചെയ്യാം, തുടര്‍ന്ന് ‘Connection is secure’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പാസ്വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും പോലുള്ള നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്സ്റ്റ് ബോക്സ് ദൃശ്യമാകും.