ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം; ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമവുമായി രജനീകാന്ത്

അടുത്തിടെയാണ് നടൻ ധനുഷും ഭാര്യ ഐശ്വര്യാ രജനീകാന്തും വേർപിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ധനുഷും ഐശ്വര്യയും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് രജനീകാന്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരുടെയും തീരുമാനത്തിൽ രജനികാന്ത് അസംതൃപ്തനാണെന്നും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുകയാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളും പ്രതീക്ഷിക്കുന്നത്. അതേസമയം ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് വ്യക്തമാക്കി ധനുഷിന്റെ പിതാവ് കസ്തൂരി രാജ രംഗത്തെത്തിയിരുന്നു. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണെന്നും താൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് ഉപദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്‌നമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

2004 നവംബർ 18 ന് ആയിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം. രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു സംവിധായികയും ഗായികയുമാണ്. ധനുഷിനെ നായകനാക്കി 2012 ൽ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിനാണ് ഐശ്വര്യ ആദ്യമായി സംവിധാനം നിർവ്വഹിച്ചത്.