കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ കേസുകൾ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് കേസുകളിൽ 94 ശതമാനം ഒമിക്രോൺ കേസുകളും 6 ശതമാനം ഡെൽറ്റ വകഭേദവുമെന്ന് പരിശോധനയിൽ വ്യക്തമായതായി മന്ത്രി അറിയിച്ചു.

അതേസമയം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കോവിഡ് മോണിറ്ററിംഗ് സെൽ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കൺട്രോൾ റും, ജില്ലാ കോവിഡ് കൺട്രോൾ റൂമുകൾ, ആർആർടികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന തലത്തിൽ വാർ റൂം ആരംഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഏകോപനത്തിനാണ് സംസ്ഥാന തലത്തിൽ മന്ത്രിയുടെ ഓഫീസിൽ കോവിഡ് മോണിറ്ററിംഗ് സെൽ ആരംഭിച്ചത്. പൊതുജനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0471 2518584 എന്ന നമ്പരിൽ രാവിലെ 9 മുതൽ രാത്രി 9 മണിവരെ വിളിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ലോകമെമ്പാടും ഒമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ് ഗൃഹ പരിചരണം അഥവാ ഹോം കെയർ. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോൺ തരംഗത്തിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നുള്ളു. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഗൃഹ പരിചരണത്തിന് സാധിക്കും. അതേസമയം ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോഗികൾ അപായ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 97 ശതമാനം പേർക്കും ഗുരുതരമാകാൻ സാധ്യതയില്ല. എന്നാൽ ന്യൂമോണിയ ഉണ്ടാകാൻ സാധ്യയുള്ള ഈ മൂന്ന് ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദമാക്കി.

ഉയർന്ന പ്രമേഹം, രക്താദിസമ്മർദം, ഹൃദ്രോഗം പോലുള്ള അനുബന്ധ രോഗങ്ങളുള്ളവർ ഒരു ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ ഗൃഹ പരിചരണം സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ അവയവം മാറ്റിവച്ചവർ, എച്ച്ഐവി രോഗികൾ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ എന്നിവർ ഒരു കാരണവശാലും ഗൃഹ പരിചരണത്തിൽ കഴിയരുത്. അവർക്കായി സിഎഫ്എൽടിസി, സിഎസ്എൽടിസി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്് മന്ത്രി അറിയിച്ചു.

ഗൃഹ പരിചരണത്തിലുള്ളവർ രണ്ട് കാര്യം ശ്രദ്ധിക്കണം. ഒന്ന് വീട്ടിൽ കൂടെയുള്ളവർക്ക് രോഗം പകരുന്നില്ലെന്ന് ശ്രദ്ധിക്കണം. രണ്ടാമത് അപായ സൂചനകൾ ശരിയായ സമയത്ത് തിരിച്ചറിയുന്നു എന്ന് ശ്രദ്ധിക്കണം. കാലതാമസമില്ലാതെ അനുയോജ്യമായ ചികിത്സ കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗം പകരാതിരിക്കാൻ വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ താമസിക്കണം. രോഗിയെ ഒരാൾ മാത്രമേ പരിചരിക്കാൻ പാടുള്ളൂ. പൂർണമായും വാക്സിൻ എടുത്ത അനുബന്ധ രോഗങ്ങൾ ഇല്ലാത്ത ആൾ ആയിരിക്കണം പരിചരിക്കേണ്ടത്. രോഗിയും ആ വ്യക്തിയും എൻ 95 മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം.

രോഗം മൂർച്ഛിക്കാതിരിക്കാൻ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം. ഇ സഞ്ജീവിനിയിലൂടെ ഡോക്ടറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടർ, തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശവർക്കർമാർ, ദിശ 104, 1056 എന്നിവരുമായി സംസാരിക്കാം.
ചെറിയ പനി, ചുമ, തൊണ്ടവേദന അനുബന്ധ രോഗം ഇല്ലാത്ത വളരെ നേരിയ രോഗലക്ഷണം ഉള്ളവരാണ് എ വിഭാഗത്തിൽപ്പെടുന്നത്. ശക്തമായ പനി, തൊണ്ടവേദന, മസിലുകൾക്ക് വേദന, തലവേദന എന്നിവ ഉള്ളവരാണ് ബി വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. മാത്രമല്ല അനുബന്ധ രോഗമുള്ളവർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലുള്ളവർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരാണ് സി വിഭാഗത്തിൽ പെടുന്നത്. ആരോഗ്യമുള്ള ആൾ ആണെങ്കിൽ പോലും കോവിഡ് ബാധിച്ചാൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കേണ്ടതാണ്. അനുബന്ധ രോഗമുള്ളവർ ഒരിക്കലും ഡോക്ടറെ അറിയിക്കാതെയിരിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു.