തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദത്തില്‍ പ്രതിപക്ഷ വാദത്തെ വിമര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. രണ്ടായിരത്തില്‍ ലോകായുക്ത ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ലെന്നും ഇപ്പോള്‍ അനുമതി വേണമെന്ന് പറയുന്നവര്‍ 2013 ന് മുന്‍പ് ജീവിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഭരണഘടനാ വ്യവസ്ഥകളെ നിയമ വ്യവസ്ഥകള്‍ കൊണ്ടു മറികടക്കാനാവില്ലെന്നും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എപ്പോള്‍ ഒപ്പിടുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കണ്ടു. നിയമസഭ പാസാക്കിയ നിയമത്തില്‍ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളു എന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാല്‍, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്തില്ല. ഈ ഭേദഗതിയെ 1999 ല്‍ ഇടത് നേതാക്കള്‍ എതിര്‍ത്തിരുന്നുവെന്ന നിയമസഭാ രേഖകള്‍ പുറത്തായി. 99 ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യം നിയമസഭയില്‍ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്റെ കരടില്‍ ഇന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ലോകായുക്ത ഉത്തരവിനെ ഗവര്‍ണര്‍ അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥക്കെതിരെ ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ള ഇടത് അംഗങ്ങള്‍ അന്ന് ശക്തമായി എതിര്‍ത്തുവെന്നാണ് സഭാ രേഖകളിലുള്ളത്.
ജി.കാര്‍ത്തികേയന്‍ അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങളും ഭേദഗതിയെ എതിര്‍ത്തു. ഒടുവില്‍ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അംഗങ്ങളുടെ അഭിപ്രായം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ച് ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.

