ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി ട്വിറ്റർ. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്നും എന്നാൽ ട്വിറ്ററിന്റെ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും ട്വിറ്റർ വക്താവ് രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വിറ്റർ സി ഇ ഒക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ട്വിറ്റർ രാഹുൽഗാന്ധിയ്ക്ക് മറുപടി നൽകിയത്.
അഭിപ്രായ സ്വാതന്ത്യം തടയാനാണ് ട്വിറ്റർ ശ്രമിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറക്കുന്നു, സർക്കാരിന്റെ സമ്മർദ്ദം ട്വിറ്ററിന് മേലുണ്ട് തുടങ്ങിയ ആരോപണങ്ങളും രാഹുൽ ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കാനായി രാഹുൽ ചില കണക്കുകളും മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ ഏഴ് മാസത്തെ കണക്ക് പരിശോധിച്ചാൽ പ്രതിദിനം പതിനായിരം പേരെങ്കിലും പുതുതായി തന്നെ പിന്തുടർന്നിരുന്നുവെന്ന് രാഹുൽ പറയുന്നു. മെയ് മാസത്തിൽ മാത്രം ആറ്‌ലക്ഷത്തി നാൽപതിനായിരം പുതിയ ഫോളേവേഴ്‌സിനെയാണ് കിട്ടിയത്. എന്നാൽ ഓഗസ്റ്റിൽ ഡൽഹിയിൽ പീഡനത്തിനിരയായ 9 വയസുകാരിയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവച്ചെന്ന കാരണത്തിൽ 8 ദിവസത്തേക്ക് അക്കൗണ്ട് നിരോധിച്ചെന്നും പിന്നീട് തന്നെ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ കുറവ് വരുന്നുവെന്നുമാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് താൻ പറയുന്ന വിഡിയോ സന്ദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഇതടക്കമുള്ള പ്രതികരണങ്ങളിൽ തന്റെ നിലപാട് സർക്കാരിനെ ചൊടിപ്പിച്ചെന്നും രാഹുൽ പറയുന്നു. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ക്രമക്കേട് കാണിക്കാനാവില്ലെന്ന് ട്വിറ്റർ അറിയിച്ചു.

