കൽപ്പറ്റ: പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത പനമരം-ബീനാച്ചി റോഡ് നാട്ടുകാർക്കും വാഹന യാത്രികർക്കും ദുരിതമാകുന്നു. വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന പൊടി ശല്യം രൂക്ഷമായിരിക്കുകയാണ് മേഖലയിൽ. റോഡിന് ഇരുവശവുമുള്ള തോട്ടങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം പൊടിയടിഞ്ഞ് കൂടി കിടക്കുകയാണിപ്പോൾ.
നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വയനാട്ടിലെത്തിയപ്പോൾ ബീനാച്ചി-പനമരം റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു നടപടി. കരാറുകാരും ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് വാക്ക് നൽകിയാണ് മുഹമ്മദ് റിയാസ് മടങ്ങിയത്. എന്നാൽ റോഡിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല.
ആർ.എസ് ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോഡ് പണി കരാറെടുത്തിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് 52 കോടി രൂപ മുടക്കി 2019 ലാണ് നിർമ്മാണം ആരംഭിച്ചത്. പണി തീർക്കേണ്ട കാലാവധി നീട്ടി നൽകി കരാറുകാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എപ്പോൾ പണി പൂർത്തിയാകുമെന്ന് കരാറുകാരന് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വേനൽ കടുത്തതോടെ മൂന്നാനക്കുഴി മുതൽ ബീനാച്ചി വരെയുള്ള ഭാഗത്തെ റോഡിനോടു ചേർന്നുള്ള കുടുംബങ്ങളും ഇരുചക്രവാഹന യാത്രികരും പൊടി ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നു പോയാൽ റോഡിൽ ഉയരുന്ന പൊടി കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴുള്ളത്. പൊടിശല്യം നിയന്ത്രിക്കാൻ വെളളം നനയ്ക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും കരാറുകാരൻ പലപ്പോഴും ചെയ്യാറില്ലെന്നും നാട്ടുകാർ പറയുന്നു.

