കോവിഡ് മൂന്നാം തരംഗം; സമൂഹ അടുക്കളകളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമൂഹ അടുക്കളകളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമൂഹ അടുക്കളകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്നും ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി മൂന്നാം തരംഗത്തെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. അതേസമയം കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെ വേഗം വർധിച്ചുവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് രോഗവ്യാപനം വേഗത്തിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒൻപത് സർക്കാർ പോളിടെക്നിക്ക് കോളേജുകളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാൻ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂർ, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിലാണ് പുതിയ തസ്തിക സൃഷ്ടിക്കുക.

കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് ഏഴാം യു. ജി. സി ശമ്പളപരിഷ്‌ക്കരണം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു. മുൻ നിയമസഭാംഗം കെ. കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീ. ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജിയിൽ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ച നടപടി സാധൂകരിക്കുകയും ചെയ്തു.