കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ ഒമിക്രോൺ അധിഷ്ഠിതമായ പ്രത്യേക വാക്‌സിൻ അത്യാവശ്യം; ഐസിഎംആർ

ന്യൂഡൽഹി: കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ ഒമിക്രോൺ അധിഷ്ഠിതമായ പ്രത്യേക വാക്‌സിൻ അത്യാവശ്യമെന്ന് ഐസിഎംആർ. ഒമിക്രോൺ വകഭേദം ശരീരത്തിൽ നിർമ്മിക്കുന്ന ആന്റിബോഡികൾക്ക് മറ്റ് വകഭേദങ്ങളെ തകർക്കാൻ ശേഷിയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഒമിക്രോൺ വകഭേദം ബാധിച്ച വ്യക്തികൾക്ക് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുന്നുണ്ട്. ഇത് ഡെൽറ്റ പോലുള്ള കൊറോണ വകഭേദങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഒമിക്രോൺ വകഭേദം ബാധിച്ചതിന് ശേഷം ശരീരത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയ്ക്ക് മറ്റ് വകദേഭങ്ങൾക്കെതിരായി ഒരു കവചമെന്നോണം പ്രവർത്തിയ്ക്കാൻ കഴിയുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഒമിക്രോൺ ബാധിച്ച വിദേശരാജ്യങ്ങളിൽ നിന്നുള്ള മുതിർന്നവരിലും ഇന്ത്യയിൽ നിന്നുള്ള കൗമാക്കാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതിനാൽ തന്നെ ഒമിക്രോൺ സൃഷ്ടിക്കുന്ന ആന്റി ബോഡികൾ ഉപയോഗിച്ചുള്ള വാക്‌സിനുകൾ നിർമ്മിയ്ക്കുന്നത് കൊറോണയ്ക്കെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഒമിക്രോൺ ആന്റിബോഡികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിനുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.