റിപ്പബ്ലിക് ദിനാഘോഷത്തിൽ താരമായി വിരാട്; 19 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ താരമായി വിരാട് എന്ന കുതിര. റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വിരാടിനെ തലോടിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അത്ര നിസാരക്കാരനൊന്നുമല്ല ഈ കുതിര. രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിലെ പ്രധാനിയാണ് വിരാട്. 2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിരാട് പത്തൊൻപത് വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ചത് ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടാണ്.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ച ശേഷമായിരുന്നു വിരാടിന്റെ വിരമിക്കൽ അധികൃതർ പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദും കുതിരയെ തലോടിയിരുന്നു. ജനുവരി 15-ന് കരസേനാ ദിനത്തിന്റെ ഭാഗമായി വിരാടിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ എന്ന ബഹുമതി നൽകിയിരുന്നു. ഹോണോവേറിയൻ ഇനത്തിൽപ്പെട്ട കുതിരയാണിത്.

പരേഡിൽ ഏറ്റവും വിശ്വസ്തനായ കുതിരയായിട്ടായിരുന്നു വിരാടിനെ കണക്കാക്കിയിരുന്നത്. പതിമൂന്ന് തവണ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാന കുതിരയായി റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുത്തുവെന്ന ബഹുമതിയും വിരാടിനുണ്ട്. 2003 ൽ ഹെംപൂരിലെ റിമൗണ്ട് ട്രെയിനിങ് സ്‌കൂളിൽ നിന്നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിൽ ചേർന്നത്. ജനുവരി 15-ന് വിരാടിന് സേന കമൻഡേഷൻ നൽകി ആദരിച്ചിരുന്നു. ഇത്തരത്തിൽ സേനയുടെ കമൻഡേഷൻ ലഭിക്കുന്ന ആദ്യത്തെ കുതിര കൂടിയാണ് വിരാട്. ചാർജർ എന്ന പേരിലായിരുന്നു രാഷ്ട്രപതിയുടെ അംഗരക്ഷാ സേനയിൽ വിരാട് അറിയപ്പെട്ടിരുന്നത്.