കൊച്ചി: ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഫോണ്‍ ഹാജരാക്കില്ലെന്ന് നടന്‍ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം.
പഴയ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവര്‍ ഫോണ്‍ മാറ്റിയിരുന്നു. ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്.
മൊബൈല്‍ മാറ്റിയതിനെ കുറിച്ച് ചോദിച്ചുവെങ്കിലും വ്യക്തമായ ഉത്തരം ഇവര്‍ നല്‍കിയില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നാല് പ്രതികളായ ഇവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

