ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യാതിരിക്കാനുള്ള വഴികള്‍ അറിയാം

സോഷ്യല്‍ മീഡിയ യൂസേര്‍സ് നേരിടുന്ന പ്രധാന പ്രശ്‌നമാണ് അവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു പുറമേ ഹാക്കര്‍മാര്‍ അവരുടെ ഹാക്കിങ് കരുത്ത് കാണിക്കാനും മറ്റുമായി പ്രശസ്തരുടെ പോലും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഹാക്ക് ചെയ്യാറുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താനും ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ ഇമെയില്‍ കണ്ടന്റുകളും ഡാറ്റാബേസ് വിവരങ്ങളും മറ്റ് സെന്‍സിറ്റീവ് ഡാറകളും അപ്ലോഡ് ചെയ്യാനും കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ഏഴ് കാര്യങ്ങളാണ് സുരക്ഷിതമായി ട്വിറ്റര്‍ ഉപയോഗിക്കാന്‍ ചെയ്യേണ്ടത്.

ശക്തമായ പാസ്‌വേര്‍ഡ് നല്‍കുക: ദീര്‍ഘവും ശക്തവുമായ പാസ്വേഡ് ഉണ്ടാക്കുകയും ഈ പാസ്വേഡ് മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പാസ്വേഡില്‍ വ്യക്തിഗത വിവരങ്ങളായ ഫോണ്‍ നമ്പര്‍, ജനനത്തീയതി മുതലായവയോ ഊഹിക്കാന്‍ സാധിക്കുന്ന വാക്കുകളോ പ്രത്യേക ക്രമത്തിലുള്ള നമ്പരുകളോ അക്കങ്ങളോ ഉപയോഗിക്കരുത്.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍: പാസ്വേഡിന് പുറമേ ഒരു സെക്യൂരിറ്റി കോഡോ സെക്യൂരിറ്റി കീയോ ഉപയോഗിക്കാം. ട്വിറ്റര്‍ ഉപയോക്താവിന് സെക്യൂരിറ്റി സെറ്റിങ്‌സില്‍ നിന്നും ഈ ഫീച്ചര്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക: ഉപയോക്താക്കള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കാനായി അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ആക്‌സസ് നല്‍കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം. ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ആക്സസ് ഉള്ള ആപ്പുകള്‍ നിരീക്ഷിക്കുന്നത് നല്ലതാണ്. അക്കൗണ്ട് സെറ്റിങ്‌സിലെ ആപ്പ് ടാബില്‍ കയറി ഓരോ ആപ്പുകളിലേക്കും നല്‍കിയിട്ടുള്ള ആക്‌സസുകള്‍ കാണാന്‍ സാധിക്കും. മറ്റുള്ള ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കാന്‍ ട്വിറ്റര്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കാതിരിക്കുക.

അലേര്‍ട്ടുകള്‍ ശ്രദ്ധിക്കുക: ആദ്യമായി ഒരു പുതിയ ഡിവൈസില്‍ നിന്നും ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു പുഷ് നോട്ടിഫിക്കേഷനോ ഇമെയിലോ അയയ്ക്കും. ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ അഡ്രസ് മാറ്റുമ്പോള്‍ അക്കൗണ്ടില്‍ മുമ്പ് ഉപയോഗിച്ച ഇമെയില്‍ വിലാസത്തിലേക്ക് ട്വിറ്റര്‍ ഒരു നോട്ടിഫിക്കേഷന്‍ നല്‍കും. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഈ അലേര്‍ട്ടുകള്‍ സഹായിക്കും.

സുരക്ഷിതമായ ഡിവൈസുകളില്‍ മാത്രം ലോഗിന്‍ ചെയ്യുക: ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളും ആന്റി-വൈറസ് സോഫ്റ്റ്വെയറും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത സുരക്ഷിതമായ ഡിവൈസുകളില്‍ മാത്രമേ ട്വിറ്റര്‍ ലോഗിന്‍ ചെയ്യാന്‍ പാടുള്ളു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ മുതലായവയില്‍ എല്ലാം ട്വിറ്റര്‍ ആക്സസ് ചെയ്യുമ്പോള്‍ നമ്മുടെ ഡിവൈസുകള്‍ ഇതിനകം മാല്‍വെയര്‍ പിടിപെട്ടതോ സുരക്ഷാ വീഴ്ച്ചയുള്ളതോ അല്ലാ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഫിഷിംഗ് സൂക്ഷിക്കുക: സംശയാസ്പദമായ ലിങ്കുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അവ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകളിലൂടെ നമ്മുടെ ക്രഡന്‍ഷ്യല്‍സ് അടക്കമുള്ള ഡാറ്റ ചോര്‍ത്തുന്ന രീതിയാണ് ഫിഷിങ്.