ലോകായുക്ത ഓര്‍ഡിനന്‍സ്: പ്രതിപക്ഷ നേതാവ് വിധി മുഴുവന്‍ വായിച്ചിരിക്കില്ലെന്ന് മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി പി. രാജീവ് രംഗത്ത്. പ്രതിപക്ഷനേതാവിന്റെ നിലപാട് ഭരണഘടനയായോ ലോകായുക്ത നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല. 14,12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12 നെ മാത്രം പരാമര്‍ശിക്കുന്നതല്ല. അദ്ദേഹം വിധി മുഴുവന്‍ വായിച്ചിരിക്കില്ലെന്നും രാജീവ് പറഞ്ഞു.

ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതു കൊണ്ടാണെന്നും മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണിതെന്നും മന്ത്രി വ്യക്തമാക്കി. ലോകായുക്ത അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ഭേദഗതി അനുസരിച്ച് ലോകായുക്ത ഉത്തരവിന്മേല്‍ 3 മാസത്തിനുള്ളില്‍ ഹിയറിംഗ് നടത്തി പൊതുപ്രവര്‍ത്തകരുടെ നിയമനാധികാരിക്ക് ഉത്തരവ് തള്ളാം. മുഖ്യമന്ത്രിക്കെതിരായ കേസെങ്കില്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരായ കേസാണെങ്കില്‍ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം. എന്നാല്‍, ഹൈക്കോടതി ചോദ്യം ചെയ്തത് ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 12 ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.