തിരുവനന്തപുരം: തനിക്കെതിരെയുണ്ടായിരുന്ന അപകീര്‍ത്തിക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനില്‍ നിന്നു ലഭിച്ചാല്‍ അത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ സമൂഹനന്മക്കായി വിനിയോഗിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
‘കേസിന് പോകാന്‍ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോള്‍ നിയമ നടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു’-ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം നിര്‍ഭാഗ്യകരമാണ്. ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ നീക്കത്തോട് ജനം വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളര്‍ പാനല്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയര്‍ത്തിയെന്നു കുറ്റപ്പെടുത്തി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് വി.എസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6% പലിശയും കോടതിച്ചെലവും നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനല്‍ അഭിമുഖത്തിലാണ് സരിത നായരുടെ മറവില്‍ ഉമ്മന്‍ ചാണ്ടി സോളര്‍ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചത്.

