ന്യൂഡൽഹി: പത്മഭൂഷൻ ലഭിച്ച ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ. ഗുലാം നബി ആസാദിന് അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്നും കബിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജി 23 കോൺഗ്രസ് നേതാക്കളിൽ ഉൾപ്പെട്ടവരാണ് കബിൽ സിബലും ഗുലാം നബി ആസാദും. ജി 23 അംഗങ്ങളിൽ ഉൾപ്പെട്ട നേതാവ് ശശി തരൂരും ഗുലാം നബി ആസാദിനെ അഭിനന്ദിച്ചു. എതിർ ചേരിയിലുളള ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പൊതുസേവനത്തിന് ഒരാൾ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെയധികം അഭിനന്ദനമർഹിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം ഗുലാം നബി ആസാദ് പത്മഭൂഷൻ സ്വീകരിച്ചതിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. പത്മഭൂഷൺ നിരസിച്ച സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യമാണെന്നും ആസാദ് (സ്വതന്ത്രൻ) ആകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് ഗുലാം (സേവകൻ) ആകാനല്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

