വിറക്കാത്ത രാജ്യസ്‌നേഹം: 15000 അടി ഉയരത്തില്‍ -35 ഡിഗ്രി സെല്‍ഷസില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ച് ഐടിബിപി ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ലഡാക്കില്‍ കൊടുംതണുപ്പില്‍ 73-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ഐടിബിപി ഉദ്യോഗസ്ഥര്‍. 15,000 അടി ഉയരത്തില്‍ -35 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നിന്നാണ് ‘ഹിമവീര്‍സ്’ എന്നറിയപ്പെടുന്ന ഐടിബിപി ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഉദ്യോഗസ്ഥര്‍ പ്രത്യേക മാര്‍ച്ച് നടത്തുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യ -ചൈന അതിര്‍ത്തി സംരക്ഷിക്കുന്ന ഹിമാലയ പര്‍വ്വതങ്ങളുടെ വിവിധ ഭാഗങ്ങളിലെ സൈനികരാണ് ഹിമാലയ പര്‍വ്വതങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ശരീരം മരവിക്കുന്ന അവസ്ഥയിലും രാജ്യത്തെ കാക്കുന്നത്.

11,000 അടി ഉയരത്തില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഉത്തരാഖണ്ഡ് ഔലിയിലെ ഐടിബിപി ഉദ്യോഗസ്ഥരുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പതാക പിടിച്ച് ഐസ് സ്‌കേറ്റിംഗ് നടത്തിയാണ് ഇവര്‍ രാജ്യത്തിന് ആദരവര്‍പ്പിക്കുന്നത്.