ലോകായുക്ത ഓര്‍ഡിനന്‍സ്: ബില്ലായി കൊണ്ടുവരാമായിരുന്നു; നിലപാട് വ്യക്തമാക്കി കാനം

കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതിനെതിരെ പരസ്യ പ്രതികരണവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ രംഗത്ത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും, ഇത് ബില്ലായി നിയമഭയില്‍ കൊണ്ടുവരാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ’- കാനം വ്യക്തമാക്കി. മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണെന്നും സംസ്ഥാന അവകാശങ്ങളുടെ മേല്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം തുടങ്ങിയിരുന്നു. അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. നിര്‍ണ്ണായക നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.