ഗുലാം നബി ആസാദ് പത്മ പുസ്‌കാരം സ്വീകരിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മ പുരസ്‌കാരം സ്വീകരിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍. ബിജെപി സര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിച്ചത് കശ്മീര്‍ പുന:സംഘടനക്കെതിരായ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണെന്നാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഗുലാംനബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. ‘He wants to be Azad not Ghulam’എന്നതായിരുന്നു ട്വീറ്റ്. മുതിര്‍ന്ന സംഗീതജ്ഞ സന്ധ്യ മുഖോപാധ്യായയും പദ്മശ്രീ പുരസ്‌കാരം നിരസിച്ചിട്ടുണ്ട്.