ലോകായുക്ത ഓര്‍ഡിനന്‍സ്; ചര്‍ച്ചയില്ലാതെ ഭേദഗതി കൊണ്ടുവന്നത് ശരിയായില്ല: നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയം മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്ന ആരോപണവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമ്പോള്‍ അത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമ്പോള്‍ അതില്‍ എല്ലാ വിഭാഗം എംഎല്‍എമാര്‍ക്കും അവരവരുടെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യത്തിന് ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടു വന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായം’-പ്രകാശ് ബാബു വ്യക്തമാക്കി.

അതേസമയം, നിയമസഭ സമ്മേളനം നടക്കാത്ത സമയം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.