തിരുവനന്തപുരം: കോവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വിപണിയിൽ സുലഭമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ടെസ്റ്റ് കിറ്റുകൾ വാങ്ങി നിരവധി പേർ സ്വയം പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മാത്രമാണ് നിലവിൽ ആധികാരികതയുള്ളത്. സർക്കാർ ആശുപത്രിയിലും ഇപ്പോൾ ആന്റിജൻ പരിശോധന നടത്തുന്നില്ല.
റാപ്പിഡ് ആന്റിജൻ കിറ്റ് ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ കുറവായതിനാൽ ഓൺലൈനിൽ നിന്നാണ് പലരും ഇവ വാങ്ങുന്നത്. ഇത്തരം പരിശോധനയുടെ കണക്കുകൾ മെഡിക്കൽ സ്റ്റോർ അധികൃതരോ ടെസ്റ്റ് ചെയ്ത് പോസിറ്റീവായവരോ അധികൃതരെ അറിയിക്കുകയും ചെയ്യുന്നില്ല. കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ ഫലം വിപരീതമാകുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ആന്റിജൻ ടെസ്റ്റ് കിറ്റിലൂടെ സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങൾ നിലനിൽക്കുകയും ചെയ്താൽ അപകടമാണെന്നും വിദഗ്ധർ പറയുന്നു.
ആർ.ടി.പി.സി.ആർ പരിശോധനയുടെ അത്രയും ആധികാരികത ആന്റിജൻ പരിശോധനയിൽ ഇല്ലാത്തതിനാൽ തെറ്റായ പോസറ്റീവ് ഫലവും നെഗറ്റീവ് ഫലവും ലഭിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാൽ കൂടുതൽ പേരിലേക്ക് രോഗം പകരും. കോവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കിൽ ആന്റിജൻ പരിശോധന നടത്തുമ്പോൾ നെഗറ്റീവ് റിസൾട്ടായിരിക്കും കാണിക്കുക. ഈ വ്യക്തിയിൽ രണ്ടു ദിവസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗബാധ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നതാണ് ഏറ്റവും മികച്ച രീതിയെന്നും ഗവേഷകർ അറിയിച്ചു.
250 രൂപയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന്റെ വിപണി വില. 199 രൂപയ്ക്ക് ഓൺലൈനിൽ ഇവ ലഭിക്കും. അതിനാൽ ഭൂരിഭാഗം പേരും ഒൺലൈനിലൂടെയാണ് ഇവ വാങ്ങുന്നത്.

