തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടപടി നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയിലെ സെക്ഷൻ 14 ലാണ് ചട്ടലംഘനം നടത്തിയാൽ പദവിയിൽ നിന്നും പുറത്താക്കാൻ അധികാരികൾ നിർബന്ധിതരാകുന്നത്. അതിനു മുകളിൽ അപ്പീൽ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചതും ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചതും. കേരളത്തിൽ ലോകായുക്ത നിയമം എൽഡിഎഫ് സർക്കാരാണ് കൊണ്ടുവന്നത്. അതിന് ശേഷമാണ് കേന്ദ്രത്തിൽ ലോക്പാൽ നിയമം നിലവിൽ വന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ ലോകായുക്ത നിലവിലുണ്ട്. ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച ശേഷമാണ് ഇവിടത്തെ നിയമത്തിൽ ഭേദഗതി വേണമെന്ന് 2021 ഏപ്രിൽ 13ന് അന്നത്തെ എജി നിയമോപദേശം നൽകിയത്. പരിശോധിച്ചപ്പോൾ അതിൽ പ്രസക്തിയുണ്ടെന്ന് കണ്ടെത്തി. കർണാടക, ആന്ധ്ര, തമിഴ്നാട്, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ പറത്താക്കാൻ ലോകായുക്തക്ക് അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി അങ്ങനെ തന്നെയാണ്. 1996 ലാണ് പഞ്ചാബിൽ ലോകായുക്ത നിയമം വരുന്നത്. പഞ്ചാബിൽ 2020 ൽ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ എംഎൽഎമാർ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി പുറത്താക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. 2006ലും ഡയറക്ടർ ജനറൽ ഓഫ് പ്രസിക്യൂഷൻ ഇത്തരമൊരു ഭരണഘടനാ പ്രശ്നം ലോകായുക്ത നിയമത്തിലുണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നു. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചില്ലെന്ന ഒരു വാദം ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു നടപടിക്രമമില്ലെന്ന് അദ്ദേഹം വിമർശിച്ചു.
നിയമസഭ സമ്മേളനമില്ലാത്ത സമയത്ത് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഗവൺമെന്റിന് അവകാശമുണ്ട്. ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ല ഇതൊരു ബിൽ ആയി നിയമസഭയിൽ വരുമ്പോൾ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

