വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിക്കുന്നത് പരസ്യമായി കാണാനാവില്ല; അപ്പീലിനെതിരെ ഹൈക്കോടതി

കൊച്ചി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ചത് പരസ്യമായി കാണാനാവില്ലെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിന് മറുപടി നല്‍കുകയായിരുന്നു കോടതി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പില്‍ നല്‍കിയ ഹര്‍ജിയിലെ വിധി പറയുകയായിരുന്നു കോടതി. 1 ലക്ഷം രൂപ പിഴ ചുമത്തി സിംഗിള്‍ ബഞ്ച് നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ‘യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കിലും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൗരന്മാര്‍ക്കുണ്ട് ‘ – ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഒരിക്കല്‍ ആ സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനമാണെന്നും കോടതി ഹര്‍ജിക്കാരനോട് വാദിച്ചു. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികവകാശ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.