എയര്‍ ഇന്ത്യ ഇനി ടാറ്റക്ക് സ്വന്തം; ജനുവരി 27ന് കൈമാറും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ജനുവരി 27ന് ടാറ്റ ഗ്രൂപ്പിന് കൈമാറും. ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് നേരത്തെ ടാറ്റക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടികളെടുക്കുക. വന്‍ കടബാധ്യതകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നത്.

ഉടമസ്ഥാവകാശം സര്‍ക്കാര്‍ ടാറ്റക്ക് കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും.

പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.