കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിയേറ്ററുകള്‍ ഞായറാഴ്ച അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് തിയേറ്ററുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മാളുകളും തിയേറ്ററുകളുമടക്കം അന്നേദിവസം അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, പകുതി പേര്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും ഞായറാഴ്ചകളില്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ജില്ലയിലെ പൂര്‍ണ അടച്ചിടലില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈറസ് തിയേറ്ററില്‍ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ കഴിഞ്ഞ ദിവസം ചോദ്യമുന്നയിച്ചിരുന്നു.

