കൊച്ചി: മഹീന്ദ്രാ കമ്പനി വഴിപാടായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നല്കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. ജീപ്പിന്റെ ലേല വിശദാംശങ്ങള്‍ ഹാജരാക്കാനും വില അടക്കമുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി.
പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപക്കാണ് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി ഡിസംബര്‍ 18ന് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. അയ്യായിരം രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഥാര്‍ ലേലത്തിന് വെക്കുമ്പോള്‍ വലിയ പ്രതികരണമുണ്ടാകും എന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകള്‍ തെറ്റുകയായിരുന്നു. എന്നാല്‍, ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

