അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അന്വേഷിച്ച് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കവെ മധുവിനു വേണ്ടി ആരും ഹാജരാവാത്തതിനാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യവുമായി മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതി. 2021 നവംബര്‍ 15-ന് കേസ് പരിഗണിക്കുമ്പോഴും പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ജനുവരി 25-ലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഇത്തവണയും പ്രോസിക്യൂട്ടര്‍ കോടതിയിലെത്താത്തതിനെ തുടര്‍ന്ന് കേസ് ഫെബ്രുവരി 26-ലേക്ക് കോടതി മാറ്റിവെച്ചു.

ഇതിന് മുന്‍പും കേസ് പരിഗണിച്ചപ്പോള്‍ വിവ്ധ കാരണങ്ങളാല്‍ പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. കേസില്‍ സമ്മര്‍ദം ചെലുത്താന്‍ ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലിയുടെ പ്രതികരണം.

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് 2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നസംഭവം ഉണ്ടാകുന്നത്. കേസിനായി ആദ്യം ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു. പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്.