തിരുവനന്തപുരം: കോവളം ബീച്ചിനെ സാഹസിക ജലകായിക വിനോദങ്ങളുടെ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുടെ നടപടികൾ ആരംഭിച്ച് ടൂറിസം വകുപ്പ്. ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജല കായിക ഹബ് ഒരുക്കുന്നത്. സർഫിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവ കോവളത്ത് ആരംഭിക്കും. ഹബ് ഒരുക്കുന്നതിന്റെ ഭാഗമായി ജല കായിക വിനോദങ്ങൾ നടത്താൻ ഫ്ളോട്ടിങ് ജെട്ടി നിർമിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.
സാഹസിക ജല സ്‌പോർട്‌സിന്റെ ഫെസിലിറ്റേഷൻ സെന്ററായി ഫ്ലോട്ടിങ് ജെട്ടി പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഹാർബർ എൻജിനിയറിങ് ഡിവിഷന് ടൂറിസ് വകുപ്പ് നിർദ്ദേശം നൽകി. സാഹസികതയ്ക്ക് താൽപ്പര്യമില്ലാത്തവർക്കായി മറ്റ് പദ്ധതികളും ഒരുക്കുന്നുണ്ട്. ഇവർക്കായി സൺബാത്തും കടൽ കാണാനും സുരക്ഷിതമായി കടലിൽ നീന്താനുമുള്ള സൗകര്യവും സജ്ജമാക്കും.
അതേസമയം കോവളത്തെ ടൂറിസ്റ്റ് വിവര കേന്ദ്രത്തിനും ഗസ്റ്റ് ഹൗസിനും സമീപത്തുള്ള ഡിടിപിസിയുടെ സൈലന്റ് വാലി കേന്ദ്രത്തിലും പുതിയ സൗകര്യങ്ങൾ എത്തും. നാലു കോടി രൂപ ചെലവിട്ടാണ് ഇവിടെ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. സ്പാ, കോഫി ഷോപ്, ലൈബ്രറി തുടങ്ങിയവയുടെ പ്രവർത്തനം ആരംഭിക്കും. കടലിനോട് ചേർന്ന് വിവാഹം പോലെയുള്ള ചടങ്ങുകൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

