തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റിൽ പറത്തിയാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്നതാണ് ഭേദഗതി. ഇതോടെ ലോകയുക്തയുടെ പ്രസക്തി ഇല്ലാതാകും. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസുകൾ ലോകായുക്തയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടൻ ലോകായുക്തയെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്. ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ജനുവരി അവസാനം ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹമാണ്. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നയത്തിന് വിരുദ്ധമാണ് ഈ ഓർഡിനൻസ്. കേരളത്തിലെ സർക്കാർ ഇടതുപക്ഷമല്ല തീവ്രവലത് പക്ഷമാണെന്നും അദ്ദേഹം വിമർശിച്ചു.

