പാരസെറ്റമോൾ ഗുളിക പതിവായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

പനിയോ തലവേദനയോ വരുമ്പോൾ നാം ആദ്യം ചെയ്യുന്നത് പാരസെറ്റമോൾ ഗുളിക കഴിക്കുക എന്നതാണ്. പനിയാണെങ്കിൽ പാരസെറ്റമോൾ കഴിക്കൂവെന്ന് പലരും പറയാറുമുണ്ട്. എന്നാൽ പാരസെറ്റമോൾ ഗുളിക കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗുളികയുടെ അളവാണ്. മുതിർന്നവരാണെങ്കിൽ നാല് ഗ്രാമിലധികം പാരസെറ്റമോൾ ഒരു ദിവസത്തിൽ കഴിക്കരുത്. പതിവായി എന്ത് വിഷമതകൾക്കും പാരസെറ്റമോളിൽ അഭയം പ്രാപിക്കുന്നതും നല്ലതല്ല. കരളിന്റെ പ്രവർത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്.

മദ്യവും പാരസെറ്റമോളും ഒരുമിച്ച് കഴിക്കുകയും ചെയ്യരുത്. ചിലരിൽ ഇത് പ്രത്യക്ഷമായ പ്രശ്നങ്ങൾ അപ്പോൾ തന്നെ കാണിക്കണമെന്നില്ല. എന്നാൽ ചിലരിൽ ഗുരുതരമായ പ്രശ്നങ്ങൾക്കും ഇടയാക്കാം. ഇവ രണ്ടും ഒരുമിച്ച് കഴിക്കരുതെന്നാണ് ഡോക്ടർമാർ നിൽകുന്ന നിർദ്ദേശം. മദ്യത്തിലടങ്ങിയിരിക്കുന്ന എഥനോളും പാരസെറ്റമോളും കൂടിച്ചേരുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകും. ഛർദ്ദി, തലകറക്കം, തലവേദന, ബോധം മറഞ്ഞുവീഴുന്ന സാഹചര്യം, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, കരൾ രോഗങ്ങൾ എന്നിവ ഉണ്ടാകാനിടയുണ്ട്. ഡോക്ടർമാരുടെ നിർദേശമില്ലാതെ പാരസെറ്റമോൾ അടക്കമുള്ള ഗുളികകളോ മറ്റ് മരുന്നുകളോ എപ്പോഴും കഴിക്കുന്നതും നല്ലകാര്യമല്ല. ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.