ആലപ്പുഴ: കോവിഡ് രോഗബാധയിൽ നിന്നും രക്ഷനേടാനായി ആയുർവേദ ചികിത്സയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ഗുരുതര ലക്ഷണങ്ങളില്ലാത്തവരാണ് പ്രധാനമായും ആയുർവേദ ചികിത്സാ രീതി ആശ്രയിക്കുന്നത്. പോസ്റ്റ് കോവിഡ് കാലത്തെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രതിവിധി കാണുന്ന പുനർജനി പദ്ധതി വഴി ജില്ലയിൽ മൂവായിരത്തിലധികം പേർ ചികിത്സ തേടിയതായാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പുനർജനി പദ്ധതിയിലൂടെ കേന്ദ്ര ആയൂഷ് മന്ത്രാലയം കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് നിർദ്ദേശിച്ച ആയൂർവേദ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവർ അതാത് പ്രദേശത്തെ ഗവ ആയൂർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ആശാ വർക്കർമാർ മുഖേന മരുന്നുകൾ വീടുകളിലെത്തിക്കും.
അപരാചിത ധൂമ ചൂർണം, ഗുളുച്ച്യാദി കഷായ സൂക്ഷ്മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയുൾപ്പെട്ട ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യാൻ ആയുഷ് മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. രക്തത്തിൽ ഓക്‌സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

