ഒമിക്രോണ്‍: ആന്റിബയോട്ടിക്ക് ഒഴിവാക്കൂ; സുരക്ഷ നേടൂ

ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ശക്തമായ തൊണ്ടവേദന, ചുമ, പനി എന്നിവയ്ക്ക് അനാവശ്യമായുള്ള ആന്റിബയോട്ടിക്ക് ഉപയോഗം നിര്‍ത്തണമെന്ന് ഡോ.എ.എസ്.അനൂപ് പറഞ്ഞു. കൊവിഡിന്റെ ആരംഭഘട്ടത്തില്‍ അസിത്രോമൈസിന്‍, ഡോക്‌സിസൈക്ലിന്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് ഇത്തരം മരുന്നുകള്‍ ഗുണം ചെയ്യുന്നില്ലെന്നാണ് വ്യക്തമായത്. വൈറസ് രോഗമായ കൊവിഡില്‍ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ലെന്നും ഇത്തരം ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് റസിസ്റ്റന്‍സ് ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ ശാസ്ത്രീയമായ ഗാര്‍ഹിക ചികിത്സയാണ് സ്വീകരിക്കണം. മുതിര്‍ന്നവര്‍ പാരസെറ്റമോള്‍ 650mg 4 നേരം വീതം കഴിച്ചിട്ടും പനി കുറയുന്നില്ലെങ്കിലോ, നാലു മുതല്‍ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനി വിടാതെ നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ ആശുപത്രി ചികിത്സ തേടണം. രോഗികളിലുള്ള അമിതഭയം അനാവശ്യ ചികിത്സക്കുള്ള വഴിയാവരുതെന്നും ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ നിര്‍ദ്ദേശിച്ചു.