ഉമ്മൻചാണ്ടിക്ക് വിഎസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണം; വിധി സോളാർ അഴിമതി ആരോപണത്തിൽ

തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമർശത്തിനെതിരെയുള്ള ഹർജിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻചാണ്ടിയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 2013 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകിയത്.