വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കും; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്‌

veena

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി പുതിയ പന്ധതി നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്.

കൊവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊവിഡ് പ്രതിരോധവും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജീവിതശൈലി രോഗമുള്ളവര്‍ക്കും കിടപ്പു രോഗികള്‍ക്കും കൊവിഡ് വരാതെ നോക്കേണ്ടത് ആവശ്യകതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കിടപ്പ് രോഗികള്‍ക്ക് കൊവിഡ് വന്നാല്‍് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.