കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായതിന് ശേഷമാകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. അഞ്ചു പുതിയ സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്.
പത്ത് ദിവസത്തിനകം വിസ്താരം പൂർത്തിയാക്കണമെന്നായിരുന്നു കോടതി നൽകിയ നിർദ്ദേശം. ഈ കാലാവധി ജനുവരി 30 ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അഞ്ച് സാക്ഷികളിൽ ചിലർക്ക് കോവിഡ് പോസിറ്റീവാണ്. സാക്ഷികളിൽ ഒരാൾ കേരളത്തിന് പുറത്തും. അതിനാൽ തന്നെ പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തിൽ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടി നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

