കോവിഡ് വൈറസ് ബാധ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇന്ന് ലോകം. കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഓരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ കോവിഡ് പോസിറ്റിവ് ആകുന്ന എല്ലാ രോഗികൾക്കും ആശുപത്രിവാസം ആവശ്യമില്ല. നേരിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ ഹോം ക്വാറന്റെയ്‌നിൽ കഴിയാം. കോവിഡ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ യാതൊരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. രോഗിയുടെ മുറി മറ്റുള്ളവർ ഉപയോഗിക്കുന്നതും ഒഴിവാക്കണം. കോവിഡ് രോഗിയെ പരിചരിക്കരുന്നവരും ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
കോവിഡ് രോഗിയെ പരിചരിക്കുന്നവർ മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, രോഗബാധിതമായ ഏതെങ്കിലും പ്രതലത്തിൽ സ്പർശിച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകാനും ശ്രദ്ധിക്കുണം. ഇത്തരക്കാർ ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത ചെറുചൂടു വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും നല്ലതാണ്. ഭക്ഷണം പുതുതായി തയ്യാറാക്കിയതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം.
ആവശ്യത്തിന് ഉറങ്ങാനും (7-8 മണിക്കൂർ) ശ്രദ്ധിക്കണം. രോഗബാധിതരായ വ്യക്തികൾ ഉള്ള വീട്ടിൽ ഉറങ്ങുമ്പോൾ ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാം N95 മാസ്‌ക് ധരിക്കണം. ജീരകം, പുതിനയില, യൂക്കാലിപ്റ്റസ് ഓയിൽ (1-5 തുള്ളി), കർപ്പൂരം എന്നിവ ഉപയോഗിച്ച് ഒരു നേരം ആവി പിടിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും യോഗാസനം, ധ്യാനം എന്നിവ ശീലമാക്കുന്നതും നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ മഞ്ഞൾ, ജീരകം, മല്ലിയില, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഗ്ലാസ് ചൂടുള്ള പാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നതും അണുബാധയെ അകറ്റി നിർത്താൻ സഹായിക്കും.

