തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുഴുവൻ അംഗങ്ങൾക്കും ഇനി വോട്ടു ചെയ്യാനുള്ള അവസരം ലഭിക്കും. കമ്പനി നിയമ പ്രകാരമുള്ള ഇളവുകളും കോടതി റദ്ദാക്കി. 1999ൽ വെള്ളാപ്പള്ളി നടേശനാണ് ഈ ഭേദഗതി കൊണ്ടുവന്നത്.
അതേസമയം ഹൈക്കോടതി വിധിയെ വിദ്യാസാഗറും ബിജു രമേശും അനുകൂലിച്ചു. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പു രീതി. പുതിയ മാനദണ്ഡ പ്രകാരമാണ് ഇനി തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുന്നുണ്ട്.

