തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയത്. രോഗ വ്യാപനത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് പറഞ്ഞു.
കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു.
രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന ആവശ്യവും എൻഎസ്എസ് മുന്നോട്ടുവെച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 44.88 ആണ് സംസ്ഥാനത്തെ ടിപിആർ. രോഗവ്യാപനം പടരുന്നതിനൊപ്പം ചികിത്സ പ്രതിസന്ധിയും രൂക്ഷമാകുന്നുണ്ട്. കോഴിക്കോട്ടും ആലപ്പുഴയിലും കോവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കൽ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണുള്ളത്.

