സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ; പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ചട്ട ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഈ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതു നടപ്പായാൽ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിനു വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിന്റെ അടിത്തറ തീർത്തും ദുർബലമാകും. അതിനാൽ പുതിയ നിർദ്ദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.