നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി

അമൃത്സർ: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പാർട്ടിയാണ് പഞ്ചാബ് ലോക് കോൺഗ്രസ്. ആദ്യഘട്ടത്തിൽ 22 സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അമരീന്ദർ സിംഗ് അറിയിച്ചു.

ആദ്യ പട്ടികയിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ ശിരോമണി അകാലിദൾ എംഎൽഎയും അന്തരിച്ച ഡിജിപി ഇസ്ഹാർ ആലം ഖാന്റെ ഭാര്യയുമായ ഫർസാന ആലം ഖാനാണ് പട്ടികയിലെ സ്ത്രീ സാന്നിദ്ധ്യം. മാൾവ മേഖലയിലെ മലേർകോട്‌ലയിൽ ഫർസാന ആലംഖാൻ മത്സരിക്കും.

രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കാനാണ് സാധ്യത. സ്ഥാനാർഥികൾക്കെല്ലാം ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നും അതാത് മണ്ഡലങ്ങളിൽ അറിയപ്പെടുന്ന മുഖങ്ങളാണെല്ലാവരുമെന്നും അമരീന്ദർ സിംഗ് വിശദീകരിച്ചു. ബി.ജെ.പി, എസ്.എ.ഡി. എന്നീ പാർട്ടികളുമായി സഖ്യം ചേർന്നാണ് പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 117 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ 37 സീറ്റാണ് പാഞ്ചാബ് ലോക് കോൺഗ്രസിന് നിലവിൽ ലഭിച്ചിട്ടുള്ളത്. അഞ്ച് സീറ്റുകൾകൂടി ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.