ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ തിരിച്ചെത്തുന്നു; ഇൻസ്റ്റഗ്രാമിലും വരവറിയിച്ച് താരം

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മീരാജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായാണ് മീരാ ജാസ്മിൻ തിരിച്ചെത്തുന്നത്. ജയറാമാണ് ചിത്രത്തിലെ നായകൻ. മകൾ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിനിടെ ഇൻസ്റ്റഗ്രാമിലും താരം സാന്നിദ്ധ്യം അറിയിച്ചു.

മകൾ എന്ന ചിത്രത്തിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിലേക്കുള്ള വരവ് അറിയിച്ചത്. വിശേഷങ്ങളും ഓർമകളുമായി എല്ലാവരോടും ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ചും മീര പങ്കുവെച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഫ്രോക്ക് ധരിച്ച് നൃത്തം ചെയ്യുന്ന ഒരു വീഡിയോയും മീരാ ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും മീരാ ജാസ്മിൻ പങ്കുവച്ചിട്ടുണ്ട്. ‘എനിക്കു വേണ്ടി നിങ്ങൾ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങൾക്കു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുന്നു. സ്‌നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാൻ മുന്നോട്ടു നീങ്ങുന്നത്. നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്‌നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നുവെന്നുംട മൂരാ ജാസ്മിൻ അറിയിച്ചിരുന്നു.

റിപ്ഡ് ജീൻസും വെള്ള ഷർട്ടുമിട്ടുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയിക്കുന്നത്.